Articles From Warmmaj With Love Details

അഴിമതിയും മീഡിയയും

calender 25-05-2022

ഹിന്ദിയിലാണ് ഇന്ത്യന്‍ ഭാഷകളില്‍ ഏറ്റവും കൂടുതല്‍ ടെലിവിഷന്‍ ചാനലുകളുള്ളത്. പിന്നെ തമിഴും. പക്ഷെ ഭാഷ സംസാരിക്കുന്നവരുടെ എണ്ണം നോക്കി ചാനലുകളുടെ എണ്ണം കൊണ്ടു ഹരിച്ചാല്‍ ശരാശരിയില്‍ മലയാളമാണ് മുന്നില്‍. വാര്‍ത്താ ചാനലുകള്‍ മാത്രമെടുത്താല്‍ ഈ കണക്കില്ലാതെ തന്നെ മലയാളം മുന്നിലാണ്. വര്‍ത്തമാനപ്പത്രങ്ങളില്‍ മലയാളമായിരുന്നു ഈയിടെ ഹിന്ദി മുന്നില്‍ കയറുന്നതു വരെ മുമ്പന്‍. അതിനു കാരണം നമ്മുടെ സാക്ഷരതയായിരുന്നു. പത്രം വായിക്കണമെങ്കില്‍ അക്ഷരാഭ്യാസം കൂടിയേ തീരൂ. സ്വാഭാവികമായും പത്രവായനയില്‍ നമുക്കല്ലേ മുന്നിലാകാന്‍ പറ്റൂ.പക്ഷെ ടി വി ചാനലുകള്‍?ടെലിവിഷന്‍ ആസ്വദിക്കാന്‍ അക്ഷരാഭ്യാസം വേണ്ട.പത്രം പ്രധാനമായും വാര്‍ത്തകള്‍ക്കുള്ളതായിരുന്നു. ദിവസവും രാവിലെ തലേ ദിവസം അര്‍ദ്ധരാത്രിവരെ ഉണ്ടായ സംഭവങ്ങളില്‍ തങ്ങളുടെ വായനക്കാരനെ കൂറു മാറാതെ ഒപ്പം നിര്‍ത്താന്‍ പാകത്തില്‍ എഡിറ്റു ചെയ്ത് മിനുസപ്പെടുത്തി നല്‍കുന്നവ ആയിരുന്നു പത്രവാര്‍ത്തകള്‍. പത്രനിര്‍മ്മാണത്തിന്റെ ചിലവു വര്‍ദ്ധിക്കുകയും പരസ്യത്തിന്റെയും രാഷ്ട്രീയ-കോര്‍പ്പറേറ്റ് ശക്തികളുടെയും സ്വാധീനവും താത്പര്യവും നിര്‍ണ്ണായകവുമായി വന്നും തുടങ്ങിയപ്പോള്‍ വാര്‍ത്തകളുടെ സത്യം തേടലിലും എഡിറ്റിംഗിലും സാരമായ മാറ്റം സംഭവിച്ചു. വായനക്കാരന്‍ അവിടെ നിസ്സഹായനായിരുന്നു. ടെലിവിഷന്‍ വിനോദത്തിനും ലേശം വിജ്ഞാനത്തിനും ആണെന്നാണ് ധരിച്ചിരുന്നത്. വാര്‍ത്തകള്‍ക്കായി വേണമെങ്കില്‍ ദിവസവും രണ്ട് അര മണിക്കൂര്‍ സ്ലോട്ടുകള്‍. അതില്‍ കൂടുതല്‍ ജനം സഹിക്കില്ല. പക്ഷെ അക്ഷരാഭ്യാസമുള്ള, വാര്‍ത്ത അറിയല്‍ പ്രഭാതത്തിലെ പല്ലുതേപ്പിനെയും ചായയെക്കാളും ഹാബിറ്റായി മാറിയിരുന്ന മലയാളി സമ്മതിച്ചില്ല. മലയാളം ടെലിവിഷന്‍ ചാനലുകള്‍ നല്ല നല്ല തുടരന്‍ സീരിയലുകള്‍ നമുക്കു കാലാകാലങ്ങളായി തരുന്നുണ്ട്. കരയിപ്പിച്ചും സഹതപിപ്പിച്ചും ഉദ്വേഗം നിലനിര്‍ത്തുന്ന കുടുംബ സംഘര്‍ഷങ്ങള്‍. പിന്നെ ഒരു മാതിരിയുള്ള ഹിന്ദു-ക്രൈസ്തവ-നാടന്‍ ഭക്തിനിര്‍ഭര പുണ്യ പുരാണ സാമൂഹ്യ കഥകള്‍. പ്രേത, യക്ഷി, ഭൂത, ഭീകര കഥകള്‍. കേരളത്തിലെ പ്രസിദ്ധ കള്ളന്മാരുടെയും കൊള്ളക്കാരുടെയും രാജാക്കന്മാരുടെയും കല്പിതകഥകള്‍. ഇതു കൊണ്ടൊന്നും മതിയാകാത്തവര്‍ക്കായി റിയാലിറ്റി പാട്ട്, നൃത്ത ഷോകള്‍. മിമിക്രി. മായാജാലം. പിന്നെ നിര്‍ത്താതെ പഴയതും പുതിയതുമായ അടിപൊളി സിനിമകളും. ഇവയൊക്കെയുള്ള പതിനഞ്ചോളം എന്റര്‍ടെയിന്‍മെന്റ് ചാനലുകള്‍ ഉണ്ടായിട്ടും അവയെയെല്ലാം യാതൊരു പ്രശ്‌നവുമില്ലാതെ അടിച്ചു മാറ്റി റേറ്റിംഗില്‍ മുന്നേറിക്കൊണ്ടിരിക്കുന്നത് മലയാളം ന്യൂസ് ചാനലുകളാണ്. ഇന്ന് കേരളത്തിലെ പ്രധാന വ്യവസായം അമ്പല-വിദ്യാഭ്യാസ-ആശുപത്രി ബിസിനസ്സുകളാണല്ലോ. പക്ഷെ ഈ വ്യവസായികളില്‍ പലരും പുതിയ മേഖലയായ ന്യൂസ് ചാനല്‍ ബിസിനസ്സിന്റെ അനന്തസാദ്ധ്യതകള്‍ മനസ്സിലാക്കിത്തുടങ്ങിയത് സ്വല്പം താമസിച്ചാണ്. അടുത്തു തന്നെ തങ്ങളുടെ ബിസിനസ്സിന്റെ വൈവിദ്ധീകരണം എന്നൊക്കെ പറഞ്ഞ് ഇക്കൂട്ടരിലെ കുറെയേറെപ്പേര്‍ പുതിയ ന്യൂസ് ചാനലുകളുമായി ഉടന്‍ നമ്മുടെ സമക്ഷം എത്തുമെന്ന് ഭീഷണിയുണ്ട്. ഈ ന്യൂസ് ചാനല്‍ ബിസിനസ്സിന് ആണ്ടറുതിയില്‍ കമ്പനി രജിസ്ത്രാര്‍ക്കു കണക്കു ബോധിപ്പിക്കുന്ന ബാലന്‍സ് ഷീറ്റിലെ ലാഭത്തിന്റെ അക്കങ്ങള്‍ക്കപ്പുറം ഒരു ലാഭം കൂടി ഉണ്ട്. ന്യൂസ് ചാനലിന്റെ സ്വാധീനം അധികാരകേന്ദ്രങ്ങളില്‍ നല്‍കുന്ന പിടിപാട്. ജനമനസ്സുകളെ തിരിച്ചു വിടാനുള്ള കഴിവ്. ആരെയും ദേവേന്ദ്രനാക്കാനും പിശാചാക്കാനും ന്യൂസ് ചാനലുകളുടെ തത്സമയക്കാര്‍ ശ്രദ്ധിച്ച് ക്വിക്കായി എഡിറ്റ് ചെയ്ത ബിറ്റുകളും അവയുടെ ലൈബ്രറി ശേഖരവും അനായാസമായ വോയ്‌സ്-വിഷ്വല്‍ സൂപ്പറിംപോസ് സൗകര്യവും റിപ്പീറ്റ് ത്രസ്റ്റും സഹായിക്കുന്നു. ഇത് നാം സസന്തോഷം ഉള്‍ക്കൊള്ളുന്നു. അതുകൊണ്ട് ന്യൂസ് ചാനലുകളുടെ ഈ കഴിവിന് ഒരു ഇക്കണോമിക്ക് വാല്യൂ കണക്കാക്കാന്‍ ഒരു സാമ്പത്തികവിദഗ്ദ്ധനും സാദ്ധ്യമല്ല.മലയാളിക്ക് മാത്രം എന്താണ് ഈ ന്യൂസ് ചാനലുകളോട് ഇത്ര പ്രേമം ?ന്യൂസ് ചാനലുകളുടെ പ്രോഗ്രാമുകള്‍ സൂക്ഷ്മമായി പരിശോധിച്ചാല്‍ ഉത്തരം കിട്ടും. അഴിമതി. അഴിമതിയാണ് നമുക്ക് ഏറ്റവും ഇഷ്ടപ്പെട്ട സംഭവം.ദിവസവും ഏറ്റവും കുറഞ്ഞത് രണ്ട് അഴിമതി വാര്‍ത്തകളെങ്കിലും നമുക്കു വേണം. താനും തന്റെ കുടുംബവും ഒഴികെ മറ്റെല്ലാവരും അഴിമതിക്കാരാണ് എന്ന് നാം പൂര്‍ണ്ണമായി വിശ്വസിക്കുന്നു. അഴിമതി ഇല്ലാതെ ഒരു മണിക്കൂര്‍ പോലും ഇവിടെ ഇല്ല. അതു കൊണ്ട് ഒരു അഴിമതി വാര്‍ത്തയെങ്കിലും ഇല്ലാത്ത ഒരു പ്രഭാതത്തെ നമുക്ക് അംഗീകരിക്കാന്‍ പറ്റുകില്ല. രാവിലത്തെ അഴിമതി ദൃശ്യവും ചര്‍ച്ചയും പോലീസിന്റെ ഓട്ടവും കഴിഞ്ഞ് ഉച്ചയാകുമ്പോഴേക്ക് ബ്രേക്ക് വാര്‍ത്ത വരണം. അടുത്ത അഴിമതിയുടെ പരസ്യം. സന്ധ്യയാകുമ്പോഴേക്ക് അഴിമതിയുടെ ദൃശ്യങ്ങള്‍ പത്തു തവണയെങ്കിലും ആവര്‍ത്തിച്ചിരിക്കണം. രാവിലത്തെ അഴിമതി വൈകിട്ടാകുമ്പോഴേക്ക് കംപ്ലീറ്റ്‌ലി ഔട്ട്. രണ്ടാമന്‍ റഡി. ഭാഗ്യമുണ്ടെങ്കില്‍ അര്‍ദ്ധരാത്രിക്ക് ഒരു പുതിയ അഴിമതിയുടെ ബ്രേക്ക് ന്യൂസ് കൂടി വരാം.കേരളീയന് അഴിമതി മനസ്സിന്റെ ആഹാരമാണ്. മൂന്നു നേരം ഇല്ലെങ്കില്‍ രണ്ടു നേരമെങ്കിലും ആഹാരം കഴിക്കണം. എന്നാലേ വിശപ്പു മാറൂ. എവിടെയും നമുക്ക് അഴിമതി വേണം. ദിവസവും പുതിയ പുതിയ തല്‍സമയ അഴിമതി വേണം. രാഷ്ട്രീയക്കാരുടെ അഴിമതിക്ക് ചാനലുകാര്‍ ഓടി നടക്കേണ്ട. പാര്‍ട്ടികളിലെ ഗ്രൂപ്പുകള്‍ തന്നെ ആവശ്യത്തിന് അഴിമതി മാറ്റര്‍ തരും. മസാലയുള്ളത് നോക്കി ഉപയോഗിക്കാം. കളിക്കളത്തിലെ അഴിമതി, പോലീസ് അഴിമതി, സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ അഴിമതി, സിനിമാക്കാരുടെ അഴിമതി, അടിപിടിയിലെ അഴിമതി, കോടതിയിലെ അഴിമതി, കള്ള് അഴിമതി, വാഹന അഴിമതി, ലാന്‍ഡ്-കഞ്ചാവ്-വ്യഭിചാര-ക്വൊട്ടേഷന്‍ മാഫിയാ രംഗത്തെ അഴിമതി. എന്തിന് മഹാന്മാര്‍ മരിച്ചാല്‍ പോലീസ് വെടി വയ്ക്കുന്ന എണ്ണത്തിലെയും പരേതരുടെ അന്ത്യകര്‍മ്മം നടത്തുന്ന സ്ഥലം തെരഞ്ഞെടുത്തതിലെയും അഴിമതിക്കു പോലും നാം കാത്തിരിക്കുകയാണ്. അഴിമതിയില്ലാതെ ഒരു വാര്‍ത്തയും പൂര്‍ണ്ണമാകില്ല.റോഡില്‍ കുഴി വരുന്നത് അഴിമതി കൊണ്ടാണെന്ന് നമുക്കറിയാം. കുഴി മൂടിയാല്‍ അതില്‍ അഴിമതി ഉണ്ടാകുമെന്നും നമുക്കറിയാം.മലയാളം ന്യൂസ് ചാനലുകളുടെ പ്രചാരം പ്രവാസികള്‍ക്കിടയില്‍ കൂടി വരുന്നത് നമുക്കു മനസ്സിലാക്കാം. അവര്‍ നാട്ടിലില്ലാത്തതാണ് ഈ അഴിമതി വര്‍ദ്ധനവിന് കാരണമെന്ന് അവര്‍ ആത്മാര്‍ത്ഥമായി വിശ്വസിക്കുന്നു. അവര്‍ നാടു വിട്ടതിനു ശേഷം ഇവിടെ അഴിമതി കുറഞ്ഞു എന്നറിയുന്നത് ഒരു പ്രവാസിയും സഹിക്കില്ല. അവര്‍ പിണങ്ങിയാല്‍ കേരളത്തിന്റെ ഗതി എന്താകുമെന്ന് പാഴൂര്‍ പടിപ്പുരയില്‍ പോയി പ്രശ്‌നം വയ്പ്പിക്കാതെ തന്നെ നമുക്കറിയാം. കേരളത്തിന്റെ മണിയോര്‍ഡര്‍ ഇക്കോണമി തകരും. ഇന്ന് ഒറിയക്കാരനും ബംഗാളിയും ആസാംകാരനും തമിഴനും നമുക്കു വേണ്ടി എടുക്കുന്ന ചൂലും തൂമ്പയും നാം തന്നെ എടുക്കേണ്ടി വരും. നോക്കു കൂലി പോലും നില്‍ക്കും. നമുക്കൊന്നേ പറയാനുള്ളു.മലയാളി എക്കാലവും വഴികാട്ടി ആയിരുന്നു.ആ പാരമ്പര്യം നമുക്ക് കൈവിടാന്‍ പറ്റില്ല.നമുക്കു ഇനി വരുന്ന ന്യൂസ് ചാനലുകള്‍ കൂടുതല്‍ ആകര്‍ഷകമായ അഴിമതിക്കഥകള്‍ കാട്ടി മറ്റു ഭാഷക്കാര്‍ക്കും ഉത്തേജനം നല്‍കട്ടെ എന്ന് പ്രാര്‍ത്ഥിക്കാം.

 

കെ. എല്‍. മോഹനവര്‍മ്മ

 

Share